നടൻ അജ്മലിനെ ട്രോളുന്ന വിധത്തിലുള്ള ധ്യാൻ ശ്രീനിവാസന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ധ്യാൻ നൽകിയ മറുപടിയാണ് ശ്രദ്ധേയം.
അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്നായിരുന്നു ചോദ്യം. ഇതിന് നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.
ആരോപണങ്ങളെ നേരിടാൻ എഐ ആണെന്ന് പറഞ്ഞാൽ മതിയെന്ന ധ്യാനിന്റെ വാക്കുകൾ അജ്മൽ അമീറിനുള്ള മറുപടിയാണോയെന്ന് ഒരു പക്ഷം ആൾക്കാർ ചോദിക്കുന്നു.
അടുത്തിടെ ഒരു വിവാദത്തിൽ നടൻ അജ്മൽ അമീർ നൽകിയ വിശദീകരണവുമായി ഇതിനുള്ള ബന്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വാട്ട്സാപ്പ് കോൾ റിക്കാർഡ് ചെയ്തതിന്റെ ഭാഗങ്ങളാണ് പ്രചരിച്ചത്. ലൈംഗികചുവയോടെയുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തു വന്നത്. അതിലൊരു ഭാഗത്ത് അജ്മലിന്റെ മുഖം കാണിക്കുന്നുമുണ്ട്.
പിന്നാലെ, തന്റെ പേരിൽ വന്ന വീഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചുകൊണ്ട് അജ്മൽ അമീർ രംഗത്തെത്തി. താനല്ല സന്ദേശങ്ങൾ അയച്ചതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണ് ഇതിന് പിന്നിലെന്നുമാണ് അജ്മലിന്റെ വാദം. ഇതിന് പിന്നാലെ അക്കൗണ്ട് താൻ മാത്രം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികൾ അജ്മലിനെതിരെ ഗുരുതരമായ മറ്റ് ആരോപണങ്ങളുമായി രംഗത്തെത്തി. ഈ സംഭവങ്ങളെ പരാമർശിച്ചുകൊണ്ടാണോ ധ്യാനിന്റെ പ്രതികരണം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.